ലോറിറ്റ


കഴിഞ്ഞ പ്രാവശ്യം സെന്‍റ് മൈകിള്‍സ് ഹോസ്പിറ്റലിന്‍റെ തൊള്ളായിരത്തി എഴാം നമ്പര്‍ മുറിയില്‍ ലോറിറ്റ മാത്യൂസിനെ കാണുമ്പോള്‍ അവരുടെ മുഖം മുന്‍പത്തേക്കാള്‍ പ്രസന്നമായിരുന്നു. ചുണ്ടുകളില്‍ പടര്‍ന്ന അലര്‍ജിയുടെ പരുക്കള്‍ ഏല്‍പിച്ച വേദന മറന്ന് അവര്‍ ചിരിച്ചു. പോയ ദിനങ്ങളില്‍ പഠിച്ചെടുത്ത ഏതാനും ചൈനീസ്‌ ഉപചാരവാക്കുകള്‍ തെറ്റുകൂടാതെ ഉച്ചരിച്ച്‌ ഒരു നേഴ്സറി വിദ്യാര്‍ഥി കണക്കെ എന്നെ അദ്ഭുതപ്പെടുത്താന്‍ ശ്രമിച്ചു. കൂട്ടുകാരി വെറോണിക്ക കൊണ്ടുവച്ച കാസറോളിലെ ഭക്ഷണം തുറന്നു കാണിച്ച് അവരുടെ പാചക നൈപുണ്യംത്തെ പുകഴ്തുമ്പോള്‍ വല്ലാതെ മെലിഞ്ഞ തന്‍റെ ശരീരം ഇനിയുള്ള ദിവസങ്ങളില്‍ പുഷ്ടിപ്പെടും എന്നവര്‍ തമാശ പറഞ്ഞു. അമേരിക്കയിലെ സിയാറ്റല്‍ നഗരത്തില്‍ നിന്നും ലോറിറ്റ എന്ന ആരോഗ്യ പ്രവര്‍ത്തക ചൈനയിലേക്ക് പറന്നത് ജീവിതം നീട്ടി ലഭിക്കാനുള്ള പാരന്തികമായ ഒരുദ്യമം എന്ന നിലയിലാണ്. കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന അര്‍ബുദപീഢ കളമൊഴിഞ്ഞു പേകേണ്ടതിന്‍റെ അനിവാര്യത ഓരോ നിമിഷവും അവരെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അകാലത്തിലുള്ള യാത്രക്ക് നിര്‍ബന്ധിതമായതിന്‍റെ കഠിനമായ നീറ്റല്‍ സമര്‍പ്പിത ധ്യാനത്തിന്‍റെ സാന്ത്വനത്തില്‍ അലിഞ്ഞെങ്കിലും നിരന്തരമായ കീമോതെറാപ്പി അവരുടെ ശരീരത്തെ വല്ലാതെ തളര്‍ത്തി. അമേരിക്കയിലെ കൃതഹസ്തരായ ഭിക്ഷഗ്വരന്‍മാര്‍ കൈയൊഴിഞ്ഞ് ആസന്നമായ അന്ത്യയാത്രക്ക് ബോധപൂര്‍വം തയ്യാറെടുക്കുമ്പോള്‍ ഏക മകള്‍ മിയയുടെ കണ്ണീരോടെയുള്ള നിര്‍ബന്ധമാണ്‌ ചൈനയില്‍ മാത്രം ലഭ്യമായ ജെന്‍ഡിസൈന്‍ എന്ന പ്രത്യക ജീന്‍ ചികിത്സ പരീക്ഷിക്കാന്‍ അവര്‍ തയ്യാറായത്. ശൈത്യകാലം ആരംഭിക്കുന്ന ഒരു സന്ധ്യയിലാണ് ലോറിറ്റയെ കാണാന്‍ ഞാന്‍ ആദ്യമായി ആശുപത്രിയില്‍ എത്തിയത്. കതകില്‍ മുട്ടി കാത്തു നില്‍ക്കുമ്പോള്‍ അകത്തുനിന്നും ചന്ദനത്തിരിയുടെ സുഗന്ധം. ആശുപത്രി മുറി എന്നതിനെക്കാള്‍ ഒരു പൂജാ മുറിക്ക് ചേര്‍ന്ന പരിശുദ്ധിയിലേക്കാണ് അവര്‍ എന്നെ സ്വീകരിച്ചത്. മെഴുകു തിരിയുടെ പ്രകാശവും ചന്ദനത്തിന്‍റെ പരിമളവും ഇഴചേര്‍ന്ന് ഊഷ്മളമായ മുറിയില്‍ എന്നെ അത്ഭുത പ്പെടുത്തി കൊണ്ട് പീഠത്തില്‍ പ്രതിഷ്ഠിച്ച മാതാ അമൃതാനന്ദമയിയുടെ ചിത്രം, കാല്‍കീഴില്‍ നൂറ്റിയെട്ട് നാമങ്ങള്‍ ചൊല്ലി അര്‍പ്പിച്ച പൂവിതളുകള്‍. ഇംഗ്ലീഷില്‍ അച്ചടിച്ച ലളിതാ സഹസ്രനാമം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരിച്ചതില്‍ ഏറെയും ആത്മീയ കാര്യങ്ങളായിരുന്നു. ചെറുപ്പകാലത്ത്, ആലിഗനം ചെയ്യുന്ന സന്യാസിനിയെ പറ്റി കേള്‍ക്കുന്നതിനും ഏറെ മുന്‍പ്, തന്‍റെ പുലര്‍ക്കാല സ്വപ്നങ്ങളില്‍ നിരന്തരം അടുത്ത് വന്നു നിറുകയില്‍ ചുംബിച്ച ശുഭ്രവസ്ത്രധാരി അമൃതാനന്ദമയി തന്നെയെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനേറെ വര്‍ഷങ്ങള്‍ക്കു ശേഷം അമൃതാനന്ദമയിയെ നേരില്‍ കണ്ടറിഞ്ഞതും പലപകുറി കേരളത്തിലേക്ക് തീര്‍ത്ഥാടനം ചെയ്തതും നിത്യപ്രിയ എന്ന മലയാള നാമം സ്വീകരിച്ചതും അവര്‍ വിവരിച്ചു. മലയാളത്തില്‍ സംസാരിക്കാന്‍ കഴിയുന്നത്‌ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് എന്ന് അവര്‍ പറഞ്ഞതു കേട്ടപ്പോള്‍ ആ സാഹചര്യത്തിലും എനിക്ക് തമാശ തോന്നി. ഇനി ഒരു മടക്കയാത്ര ഉണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പതിനാറു മണിക്കൂറുകള്‍ പറന്ന് ഷാങ്ങ്ഹായ് നഗരത്തില്‍ അവര്‍ എത്തിയത് എങ്കിലും പിന്നീടുള്ള കൂടികാഴ്ചകളില്‍ പ്രതീക്ഷയുടെ ഒരു ജ്വാല ലോറിറ്റയുടെ കണ്ണുകളില്‍ വളരുന്നത് ഞാന്‍ കണ്ടു. പുതിയ ചികിത്സയില്‍ അര്‍ബുദ കോശങ്ങളുടെ പെരുക്കം നിയന്ദ്രിക്കപ്പെട്ടിരിക്കുന്നു എന്നും ചുണ്ടുകളില്‍ പടര്‍ന്നിരിക്കുന്ന പരുക്കള്‍ ദ്രുതമായ മാറ്റത്തിന്‍റെ മംഗള ലക്ഷണമാണെന്നും വിവരിച്ചപ്പോള്‍ അവരുടെ ശബ്ദത്തില്‍ മുന്‍പില്ലാത്ത ഒരു ശുഭാപ്തി വിശ്വാസം ഞാനറിഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞു വിടവാങ്ങുമ്പോള്‍ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത അവരുടെ കണ്‍ കോണുകളില്‍ തങ്ങി നിന്ന രണ്ടു നീര്‍ മുത്തുകളുടെ ഇളം ചൂട് എന്റെ കവിളിലേക്ക് പകര്‍ന്നോഴുകി. പിന്നീടുള്ള കുറച്ചു ദിവസങ്ങളില്‍ ജോലിയും യാത്രകളും മൂലം ആശുപത്രിയില്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാലും ലോറിറ്റയുടെ രോഗവിവരങ്ങള്‍ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. അസ്ഥിരമായ ആരോഗ്യാവസ്ഥയിലൂടെയാണ് ലോറിറ്റ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് കേട്ടപ്പോള്‍, അവരുടെ കണ്ണില്‍ മുന്‍പ് കണ്ട പ്രതീക്ഷയുടെ ജ്വാല എന്നിലെ ശുഭ ചിന്ത നിലനിര്‍ത്തി. എന്നാല്‍ ശീതക്കാറ്റാഞ്ഞു വീശിയ ഒരു രാത്രിയില്‍ ലോറിറ്റ യാത്രയായി എന്നു മാത്രം കുറിച്ച ചെറിയ ടെക്സ്റ്റ് മെസ്സേജ് വായിച്ചെടുക്കാന്‍ ഞാന്‍ ഒരുപാടു സമയമെടുത്തു. ലോറിറ്റയുടെ ആത്മാവ് ഉപേഷിച്ച ശരീരം കാണാന്‍ ഞാന്‍ പോയില്ല. മിയയും പ്രതിശ്രുത വരനും അമേരിക്കയില്‍ നിന്നും എത്തി. സംസ്കാര ഗൃഹത്തില്‍ സൂക്ഷിച്ച മൃതദേഹം അവരുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിച്ചു. അന്ന് വൈകിട്ട് വെറോണിക്കയുടെ വീട്ടില്‍ ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനായോഗത്തില്‍ ഞാനും പങ്കെടുത്തു. ഹാളില്‍ മഞ്ഞ പട്ടു വിരിച്ച പീഠത്തില്‍ ലോറിറ്റ മാത്യൂസ് എന്ന നിത്യപ്രിയയുടെ ചിതാഭസ്മം അടങ്ങിയ ചെറിയ പേടകം ഞാന്‍ കണ്ടു. അസ്ഥിരമായ ജീവിതത്തില്‍ വീണ്ടും കാണാം എന്ന ഉപചാര വാക്കുകളുടെ അര്‍ത്ഥമില്ലായ്മ ഓര്‍ത്തു കൊണ്ട് പേടകത്തിന് മുന്‍പില്‍ ഞാനും ഒരു വെളുത്ത പുഷ്പം അര്‍പ്പിച്ചു