ആനയുടെ മണമുള്ള അത്തര്‍


കനകാംബരന് ചെത്തുകാരന്‍ ദിവാകരനോട് ആരാധന തുടങ്ങിയത് സ്കൂളില്‍ പഠി ക്കുമ്പോഴാണ്. അരയില്‍ കത്തിക്കൂടും മുറുക്കി നെഞ്ചും വിരിച്ച് നടന്നു പോകുന്ന രോമാവൃതന് മുന്നില്‍ പേരെടുത്ത തെമ്മാടിമാര്‍ വരെ വഴിമാറി നില്‍ക്കും. ഇരുട്ടുള്ള രാത്രികളില്‍ കള്ളൂറ്റി കുടിക്കുന്ന തസ്കരന്മാരെ ദിവാകരന്‍ അള്ളു വെച്ചു പിടിച്ച് ചവിട്ടി മെതിക്കും. തുട മറയാത്ത തോര്‍ത്തുടുത്ത്‌ തെങ്ങില്‍ പകുതി കയറി, കൊതയില്‍ കാലുയര്‍ത്തി ചവിട്ടി, താഴെ, തന്നെ നോക്കി നില്‍ക്കുന്ന ചേച്ചി മാരോട് ദിവാകരന്‍ പറയും: “കേറി പോര്” ദിവാകരന്‍റെ ഭക്ഷണം ഷാപ്പില്‍ നിന്നാണ്. രാവിലെ കള്ള് അളന്നു കൊടുത്ത് ഉച്ചക്കുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞു വാങ്ങി കൊതുമ്പു വഞ്ചിയില്‍ അയാള്‍ പുഴ കടന്നുവരും. പൊതിയില്‍, ചുവന്ന മീന്‍ ചാറൊഴിച്ച കുത്തരി ചോറിനോപ്പം വെളിച്ചെണ്ണയില്‍ പൊരിച്ച കരിമീനും ഉണ്ടാകും. ദിവാകരന്‍ പങ്കുവച്ച ഭക്ഷണപൊതിയുടെ എരിവുള്ള രുചിയോടെപ്പം കനകാംബരന്‍റെ സ്കൂള്‍ ജീവിതത്തിനു തിരശീല വീണു. കനകാംബരന്‍ ഡ്രൈവര്‍ ബാലന്‍റെ ആരാധകനായത് വളരെ പെട്ടെന്നായിരുന്നു. കടല്‍ ഭിത്തി കെട്ടാനുള്ള പാറകല്ലുമായെത്തുന്ന ഈഗിള്‍ ലോറിയുടെ ഡ്രൈവറാണ് ബാലന്‍. കാക്കി കുപ്പായമിട്ടു കട്ടിമീശവെച്ച ബാലന്‍ റോഡല്ലാത്ത റോഡിലൂടെ ലോറിയോടിച്ചു. പൂഴിമണ്ണില്‍ പടര്‍ന്നു വളര്‍ന്ന അസ്ത്ര പുല്ലിന് മേലെ തെങ്ങോല വെട്ടി വിരിച്ച രണ്ടു സമാന്തര പാതയിലൂടെ ഈഗിള്‍ ലോറിയുടെ ചക്രങ്ങള്‍ ഉരുണ്ടു. കിഴക്കന്‍ നാട്ടുകാരനായ ബാലന്‍റെ കയ്യില്‍ സിഗരെറ്റിന്‍റെ പാക്കറ്റും പടപടാ അടിക്കുന്ന ലൈറ്ററും ഉണ്ട്. കല്ല്‌ പണിക്കുവന്ന സ്ത്രീകളുടെ മുന്‍പില്‍ ഡ്രൈവര്‍ കിളിയെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു. ഡ്രൈവര്‍ ബാലനെ ഷാപ്പ് കാണിക്കാന്‍ കൊണ്ടു പോയത് കനകാംബരനാണ്. ബാലന്‍ കള്ളുകുടിക്കില്ല. കപ്പയും ഞണ്ട് കറിയുമാണ് അയാളുടെ ഇഷ്ട ഭക്ഷണം. കൊട്ടതേങ്ങ കൊത്തിയിട്ട് വറുത്തരച്ചു വരട്ടിയ മുരിങ്ങയിറച്ചി അയാളെ പരിചയപ്പെടുത്തിയതും കനകാംബരനാണ്. കള്ളപ്പവും കുരുമുളകിട്ടുലര്‍ത്തിയ കക്കയും നല്ല കൂട്ടാണെന്ന് ബാലനാണ് കണ്ടു പിടിച്ചത്. രുചിയുടെ നിറവില്‍ ബാലന്‍ പങ്കുവച്ച ലോറി കഥകള്‍ കനകാംബരനെ, ഈഗിള്‍ ലോറിയുടെ കിളിയാക്കി മാറ്റി. ആന പാപ്പാന്‍ പരമേശ്വരന്‍ പിള്ള കനകാംബാരന്‍റെ ആരാധനാ പാത്രമായത് ഒരുത്സവ കാലത്താണ്. അമ്പലത്തിലെ പ്രതിഷ്ടാമഹോല്‍സവത്തിന് ഒരാന വേണം എന്ന തീരുമാനത്തില്‍ ഞറുക്ക് വീണത്‌ മംഗലാംകുന്ന് ഗണേശന്. മദപ്പാടില്‍ നാല് പേരെ യമപുരിക്കയച്ച ഗണേശന്‍റെ ഒന്നാം പപ്പാനാണ് പരമേശ്വരന്‍ പിള്ള. ഇടഞ്ഞോടിയ ആനയുടെ പുറത്ത് സധൈര്യം പറ്റി പിടിച്ചിരുന്ന് മെരുക്കി തളച്ചത് പിള്ളയാണ്. പിള്ളേച്ചന്‍റെ കൈയിലെ മൂളിയാര്‍ക്കുന്ന കാരക്കോല്‍ മസ്തകത്തില്‍ വീണാല്‍ കാട്ടു കൊമ്പനും കൊമ്പു കുത്തും. ആനപ്പുറത്ത് നെഞ്ചും വിരിച്ചിരുന്നാണ് പരമേശ്വരന്‍ പിള്ള കനകാംബാരന്‍റെ നാട്ടിലേക്കു വന്നത്. പരമേശ്വരന്‍ പിള്ളയ്ക്ക് ഭക്ഷണത്തോട് താല്പര്യം കുറവാണ്. കള്ളാണ് പഥ്യം. അറുത്ത കൈക്ക് ഉപ്പ് ചേര്‍ക്കാത്ത ഷാപ്പുടമ യു വി കുമാരന്‍ ഒരു കുപ്പി കള്ള് അയാള്‍ക്ക്‌ സൌജന്യം മായി നല്‍കി. നുരയുന്ന കള്ളിന്‍റെ വീര്യത്തില്‍ ഷാപ്പില്‍ ആനകഥകള്‍ പതഞ്ഞു പൊങ്ങി. ഓരോ കഥക്കും ഓരോകുപ്പി കള്ളുമായി ആസ്വാദകവൃന്ദം പിള്ളേച്ചനെ പ്രോത്സാഹിപ്പിച്ചു. മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരി വെട്ടത്തില്‍ നിറഞ്ഞാടിയ സാഹസ കഥകള്‍ കനകാംബാരനെ അന്ന് മങ്ങലാംകുന്ന് ഗണേശന്‍റെ മൂന്നാം പപ്പാനാക്കി. ആനപ്പുറത്തേറിയ യാത്രകള്‍ക്കിടയിലെ പൂരപറമ്പുകളില്‍ കനകാംബാരനും ആരാധകരുണ്ടായി. ഊതി പെരുപ്പിച്ച ആന കഥകള്‍ക്ക് പകരം എരിവുള്ള ഭക്ഷണവും നുരയുന്ന ലഹരിയും നല്‍കി അവര്‍ അയാളെ സല്‍ക്കരിച്ചു. പേരില്ലാത്ത ഭക്ഷണ ശാലയുടെ പെരുമ നിറഞ്ഞ രുചിയുടെ മൊഞ്ചത്തി ആനക്കാരന്‍റെ ആരാധികയായി. ആനയ്ക്കും ആനക്കാരനും ഒരേ ഗന്ധമാണെന്ന് ആയിഷു കണ്ടുപിടിച്ചപ്പോള്‍, വറുത്തരച്ചു വെച്ചു വിളമ്പിയ കല്ലുമ്മക്കായുടെ രുചിയോടൊപ്പം അവളും അയാളുടെ മനസ്സില്‍ കുരുങ്ങി. ചന്ദനക്കുടം കഴിഞ്ഞ് ആനക്കാര്‍ മടങ്ങുമ്പോള്‍ കനകാംബരന്‍ നേരെ പോന്നാനിയിലേക്ക് പോയി. കനകാംബരന്‍ തൊപ്പിയിട്ട് കുഞ്ഞിഖാദറായി, പിന്നെ ആയിഷുവിന്‍റെ പുയ്യാപ്ലയുമായി. ഭക്ഷണ ശാലയില്‍ പടര്‍ന്നു നിറഞ്ഞ ആനക്കാരന്‍റെ ഗന്ധത്തില്‍ ആയിഷുവിന്‍റെ മൈലാഞ്ചി മണം അലിഞ്ഞു ചേര്‍ന്നു. അവര്‍ ദിനവും വെച്ചു വിളമ്പിയ രസക്കൂട്ടുകളില്‍ കുഞ്ഞിഖാദര്‍ ആനയെ മറന്നു, തോട്ടിയും കാരക്കോലും മറന്നു. കുടിയുടെ മുകളില്‍ ഇടവപ്പാതി ചവിട്ടി പെരുക്കിയ ഒരു രാത്രിയില്‍ കുഞ്ഞിഖാദറിന്‍റെ മുഖം കാണാതെ തിരിഞ്ഞു കിടന്ന് ആയിഷു ചോദിച്ചു: “ആനയുടെ മണമുള്ള അത്തറുണ്ടാകുമോ?” അയാളുടെ ശരീരത്തിലെ ആനയുടെ ഗന്ധം നെയ്‌ചോറിന്‍റെ സുഗന്ധത്തില്‍ അലിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിഖാദറിനിപ്പോള്‍ നെയ്ചോറിന്‍റെ മണമാണ്. രാത്രി കഴിച്ച ബിരിയാണിയുടെ ആലസ്യത്തില്‍ ആയിഷുവിന്‍റെ ചോദ്യത്തിന് ഉത്തരം പറയാതെ അയാള്‍ ചുരുണ്ടു കിടന്നുറങ്ങി. ചന്ദനക്കുടത്തിന് ഇക്കൊല്ലവും മങ്ങലാംകുന്ന് ഗണേശന്‍ വന്നു. ഒന്നാം പാപ്പാന്‍ പുതിയ ആളാണ്‌. ബഞ്ചില്‍ കട്ടന്‍ ചായയും മൊത്തി കുടിച്ചിരുന്ന് അയാള്‍ പുതിയ ആനകഥകള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മദപ്പാടില്‍ ഗണേശന്‍ പാപ്പാന്‍ പരമേശ്വരന്‍ പിള്ളയെ ചവിട്ടി കൊന്നത് അന്ന് അവസാനത്തെ കഥയായിരുന്നു. ഗണേശന്‍ പുതിയ പാപ്പാനോട് വളരെ ഇണക്കത്തിലാണ്. അയാള്‍ കള്ള് കുടിക്കില്ല, ബീഡിയും വലിക്കില്ല. കടുപ്പത്തിലിട്ട കട്ടന്‍ ചായയാണ് പഥ്യം. ഇഞ്ചിയിട്ട് തിളപ്പിച്ച കട്ടന്‍ ചായക്ക് ആയിഷു പണം വാങ്ങിയില്ല. പോകുമ്പോള്‍ ഒരു വലിയ പടല നേന്ദ്രപഴവും ആനയ്ക്കായി കൊടുത്തു. പഴം കൊടുക്കുമ്പോള്‍, പാപ്പാനടുത്തു ചേര്‍ന്ന് ഒരു ദീര്‍ഖശ്വാസമെടുത്ത ആയിഷു പറഞ്ഞത് കുഞ്ഞിഖാദര്‍ കേള്‍ക്കാന്‍ വേണ്ടിയാണ്: “ആനയ്ക്കും ആനക്കാരനും ഒരേ മണം!” മംഗലാംകുന്ന് ഗണേശനോട് കുഞ്ഞിഖാദര്‍ ചോദിച്ചു: “നീ എന്നെ ഓര്‍ക്കുന്നുണ്ടോ ഗണേശാ?”. ഗണേശന്‍ തലയാട്ടി പരിചയം കാണിച്ചു, തുമ്പികൈ ഉയര്‍ത്തി അയാളെ അടുത്തേക്ക് വിളിച്ചു. ഗണേശനരികില്‍ കുഞ്ഞിഖാദര്‍ ഒരു ദീര്‍ഖശ്വാസമെടുത്തു. ആയിഷുവിനു പെരുത്തിഷ്ടമുള്ള ആനയുടെ ഗന്ധം, ആനക്കാരന്‍റെയും. ഗണേശന്‍റെ നടയില്‍ ചാരിയിരുന്ന് കുഞ്ഞിഖാദര്‍ പതിയെ പറഞ്ഞു: ”ആനേ,നിന്‍റെ ഗന്ധം എന്‍റെ ജീവിതമാണ്”. ഒരു വര്‍ഷം കാത്തുവെച്ച സ്നേഹത്തിന്‍റെ നിറവില്‍ ആന തുമ്പികൈ നീട്ടി അയാളെ അരുമയായി തഴുകി. അന്ന് രാത്രിയില്‍, നാണത്തിന്‍റെ തട്ടമിട്ട് അരികില്‍ ചേര്‍ന്ന് കിടന്ന ആയിഷുവിന്‍റെ ചെവിയില്‍ കുസൃതിയോടെ കുഞ്ഞിഖാദര്‍ പറഞ്ഞു: “വേണമെങ്കില്‍, ആനയുടെ മണമുള്ള അത്തറും ഉണ്ടാകും!”.

No comments: